തൃക്കരിപ്പൂര്‍: പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളജിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി കേരളത്തില്‍ രണ്ടിടങ്ങളിലായി നടക്കുന്ന മേഖലാ അറബിക് കോളജ് ഫെസ്റ്റുകളില്‍ ഉത്തരമേഖലാ മത്സരങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മുനവ്വിറുല്‍ ഇസ്ലാം റബ്ബാനിയാ ശരീഅത്ത് കോളജില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പട്ടിക്കാട് ബിരുദാനന്തര കോളജില്‍ അഫലിയേറ്റ് ചെയ്ത കേരളത്തിലെ 42 കോളജുകളിലെ പണ്ഡിത വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ മേഖലാ അറബിക് കോളജ് ഫെസ്റ്റുകള്‍ നടക്കുന്നുണ്ട്. ദക്ഷിണ മേഖലയിലേത് കായംകുളത്താണ് നടക്കുന്നത്. കേരളത്തിലെ അഞ്ചു ജില്ലകളിലെ 19 കോളജുകളില്‍ നിന്നും കര്‍ണാടകയിലെ 2 കോളജുകളില്‍ നിന്നുമായി 300 പണ്ഡിത വിദ്യാര്‍ഥികള്‍ പങ്കെടുക്കും. അഞ്ചു വേദികളിലായി 39 ഇനങ്ങളില്‍ മത്സരം നടക്കും.
പങ്കെടുക്കുന്നവര്‍ക്കുള്ള താമസ സൗകര്യം ഭക്ഷണം എന്നിവ സ്വാഗത സംഘം ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിന്റെ പ്രചാരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് തൃക്കരിപ്പൂരില്‍ വിളംബര ജാഥ നടക്കും. 15-നു രാവിലെ മുതഅല്ലിമീന്‍ സംഗമം എം.എ.ഖാസിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.കെ.ടി.അബ്ദുല്ല മൌലവി,ഇസ്മായീല്‍ ബാഖവി പ്രസംഗിക്കും.
വൈകിട്ട് ഏഴിന് നടക്കുന്ന പൊതു സമ്മേളനം പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍, ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി, പ്രഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സംബന്ധിക്കും.
16-നു രാവിലെ മുതല്‍ കലാസാഹിത്യ മത്സരങ്ങള്‍ നടക്കും. എം.സി.ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. മാണിയൂര്‍ അബ്ദുല്ല ബാഖവി അധ്യക്ഷത വഹിക്കും. ഖുര്‍ആന്‍, ഹദീസ് മേഖലകളിലെ പാണ്ഡിത്യം മാറ്റുരക്കുന്ന വേദികളില്‍ ഉറുദു ഭാഷയിലുള്ള ഇനങ്ങളും അരങ്ങേറും. വൈകിട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനം അബ്ദുറഹിമാന്‍ കല്ലായി ഉദ്ഘാടനം ചെയ്യും. കെ.ടി.അബ്ദുല്ല ഫൈസി അധ്യക്ഷത വഹിക്കും. ജൂബിലി മൊയ്തീന്‍ കുട്ടി ഹാജി ട്രോഫികള്‍ നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ മാണിയൂര്‍ അഹമദ് മൗലവി, ജനറല്‍ കണ്‍വീനര്‍ എന്‍.എ.മജീദ് ഹാജി, ഭാരവാഹികളായ ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി, ബഷീര്‍ ഫൈസി, വി.ടി.ഷാഹുല്‍ ഹമീദ്, ടി.കെ.അബ്ദുല്‍ ജലീല്‍ ഹാജി, അഷ്‌റഫ് ഹാജി ഒളവറ, എ.ജി.സിദ്ദീഖ് എന്നിവര്‍ പരിപാടി വിശദീകരിച്ചു.