Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Thursday, December 20, 2012

മുസ്‌ലിം സമുദായത്തിന് നേര്‍വഴി കാട്ടിയത് സമസ്ത: കുഞ്ഞാലിക്കുട്ടി


തിരുവനന്തപുരം: കേരളത്തിലെ മുസ്‌ലിം സമുദായത്തിന് വഴിതെറ്റാതെ നടക്കാനായതില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംഭാവന മികച്ചതാണെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. എസ്.വൈ.എസ് വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തെ പോലൊരു ബഹുമത സമൂഹത്തില്‍ വിഭാഗീയതയും തീവ്രവാദവും പാടില്ലെന്ന് അറിഞ്ഞിട്ടും ഇത്തരം ചിന്തകളുമായി എടുത്തുചാടിയ ചിലര്‍ വന്നതുപോലെ പോയി. അപ്പോഴെല്ലാം മതസൗഹാര്‍ദ്ദത്തിനുവേണ്ടി നിലകൊള്ളാന്‍ സമസ്തക്ക് കഴിഞ്ഞു. ശക്തമായ അടിത്തറയില്‍ ഒരു സമുദായത്തെ പടുത്തുയര്‍ത്തുകയും അതിനെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്തത് സമസ്തയായിരുന്നു.
പൊതുസമൂഹത്തില്‍ കേരളം മാതൃകാപരമായി മുന്നോട്ടുപോകുന്നെങ്കില്‍ അതിന് ചൂരും ചൂടും നല്‍കിയത് സമസ്തയായിരുന്നു. അറുപത് കൊല്ലംകൊണ്ട് ഒരു സമൂഹത്തെ മാറ്റിയെടുത്ത ചരിത്രമാണ് എസ്.വൈ.എസിന്റെ കരുത്ത്. മഹല്ലുകളില്‍ സമുദായത്തെ ഒറ്റക്കെട്ടായി നിര്‍ത്തി, മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും നല്‍കിയത് സമസ്തയായിരുന്നു. ഇന്ന് സമുദായം അധികാര രംഗത്തും ഉദ്യോഗ രംഗത്തും മുന്നേറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുസ്‌ലിം സമുദായത്തിന് ഒരു സംഘടിത നേതൃത്വം ഉണ്ടാകണമെന്നും പാണക്കാട് ഹൈദരലി തങ്ങള്‍ അതിനെ നയിക്കണമെന്നും സമ്മേളനത്തില്‍ സംസാരിച്ച സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞു. ഹൈദരലി തങ്ങളുട നേതൃത്വം രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ പ്രയോജനകരമാകും. കേരളത്തില്‍ ഇസ്‌ലാം മത വിശ്വാസികള്‍ വിദ്യാഭ്യാസപരമായും സാസ്‌കാരികമായും മുന്നേറുന്നുണ്ട്.
എന്നാല്‍ ലോകത്തെല്ലായിടത്തുമെന്നതുപോലെ ഇസ്‌ലാമിക സമൂഹത്തെ കേരളത്തിലും ഒരു ഏകീകൃത നേതൃത്വമില്ല. പാണക്കാട് ശിഹാബ് തങ്ങള്‍ ഇന്ത്യന്‍ മുസ്‌ലിംകളോട് സമാധാനത്തിന്റെ സന്ദേശം പറഞ്ഞുപഠിപ്പിച്ചു. സി.എച്ചാകട്ടെ കേരളീയ മുസ്‌ലിമിന്റെ വളര്‍ച്ചയില്‍ നിര്‍ണായകവുമായി.
കേരളത്തില്‍ വിദ്യാഭ്യാസവകുപ്പ് മുസ്‌ലിം ലീഗ് ഭരിക്കുന്നതുകൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ മുസ്‌ലിംകള്‍ എന്തൊക്കയോ തട്ടിയെടുത്തെന്നാണ് ചില കേന്ദ്രങ്ങളുടെ പരാതി. ഇതില്‍ യാതൊരു വസ്തുതയുമില്ലെന്ന് കേരളത്തിലെ 13 യൂണിവേഴ്‌സിറ്റികളിലെ വൈസ് ചാന്‍സലര്‍മാരുടെ കാര്യം പരിശോധിച്ചാല്‍ മതി വ്യക്തമാകാന്‍. ഒരെണ്ണം മാത്രമാണ് മുസ്‌ലിം സമുദായത്തിനുള്ളത്. വിദ്യാഭ്യാസ, സാംസ്‌കാരിക, ആത്മീയ രംഗങ്ങളിലെ പുരോഗതിയാണ് പ്രവാചകന്‍ വിഭാവന ചെയ്തതെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ എസ്.വൈ.എസിന് കഴിയുന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ പതിനായിരക്കണക്കിന് എസ്.വൈ.എസ് പ്രവര്‍ത്തകരില്‍ ആവേശം വിതറിയ പ്രസംഗമായിരുന്നു ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെത്. അദ്ദേഹത്തെ വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്. വൈകിട്ട് നാലരയോടെ സമ്മേളനം ആരംഭിച്ചപ്പോള്‍ത്തന്നെ വിശാലമായ സ്റ്റേഡിയം നിറഞ്ഞിരുന്നു. സദസില്‍ നര്‍മത്തിന്റെ മേമ്പൊടി വിതറി പി.സി ജോര്‍ജ് ആ കുറവ് നികത്തി. ആറുപത് സംവല്‍സരത്തോളമെത്തുന്ന എസ്.വൈ.എസിന്റെ ചരിത്രത്തിലാദ്യമായാണ് അനന്തപുരിയില്‍ ഇത്തരമൊരു മഹാസമ്മേളനത്തിന് വേദിയൊരുങ്ങിയത്. അതിന്റെ എല്ലാവിധ പ്രൗഡിയും സമ്മേളന നഗരിയിലും നഗരത്തിലും കാണാനായി.