Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Friday, November 23, 2012

തിരുത്തൽ അദാലത്ത് ഡിസംബർ 1 ന്


കാഞ്ഞങ്ങാട്: എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ തിരുത്തുന്നതിനായി പൊതുവിദ്യഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പരിക്ഷാഭവന്‍ അദാലത്ത് നടത്തുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അദാലത്ത് സംഘടിപ്പിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ ഡിസംബര്‍ ഒന്നിന് കാസര്‍കോട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് അദാലത്ത്.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു അദാലത്ത് നടത്തുന്നത്. വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് ജനങ്ങള്‍ക്ക് ഏറെ അനുഗ്രഹമാകുന്ന അദാലത്ത് നടത്തുന്നത്.
കേരളത്തിലെ ബഹുഭൂരിപക്ഷം പേരുടെയും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ വ്യാപകമായ തെറ്റുകളാണുള്ളത്. തെറ്റുകള്‍ തിരുത്തിക്കിട്ടാനായി പലരും ഓഫീസുകള്‍ കയറിയിറങ്ങി, നിരാശരായി നില്‍ക്കുമ്പോഴാണ് ആശ്വാസമായി മാറുന്ന അദാലത്ത് പടിവാതിക്കല്‍ എത്തുന്നത്. ജനന സര്‍ട്ടിഫിക്കറ്റിലോ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലോ നേരിയ തെറ്റുകളുണ്ടായാല്‍ പോലും പാസ് പോര്‍ട്ടിനടക്കം അപേക്ഷ സ്വീകരിക്കാറില്ല. വിദേശ യാത്രക്ക് തയ്യാറാവുന്ന നിരവധി യുവാക്കളാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്.
പഠിച്ച സ്‌കൂളിലെ പ്രധാനധ്യാപകന്‍ മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. പരീക്ഷഭവന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ അപേക്ഷയാണ് പൂരിപ്പിക്കേണ്ടത്.
എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലെ ജനനതിയ്യതി, മാതാപിതാക്കളുടെ പേര്, ജനനസ്ഥലം, മേല്‍വിലാസം തുടങ്ങിയവ ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരമാണ് തിരുത്തികൊടുക്കുന്നത്.
ഇവ തിരുത്തികിട്ടുന്നതിനായി അപേക്ഷകര്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങളും പൊതുവിദ്യഭ്യാസ വകുപ്പ് ഇറക്കിയിട്ടുണ്ട്. പത്താംതരം സര്‍ട്ടിഫിക്കറ്റ് ലഭിച്ച് 15 വര്‍ഷത്തിന് ശേഷം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ കാലതാമസം മാപ്പക്കുന്നതിന് സര്‍ക്കാറിന്റെ പ്രത്യേക ഉത്തരവ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
അപേക്ഷകന് ജോലിയുണ്ടെങ്കില്‍ ജനന തിയ്യതി തിരുത്തിക്കുന്നതിനായി അപേക്ഷയിലെ ഐറ്റം-ഒന്നിന്റെ ആറാമത്തെ ഉപവിഭാഗത്തില്‍ പ്രത്യേകം രേഖപ്പെടുത്തണം. 500 രൂപയുടെ ചെലാനും ജനന സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും ഹാജരാക്കണം. പ്രധാനധ്യാപകന്റെ കത്തും മതിയായ സ്റ്റാമ്പ് പതിച്ച കവറും ഹാജരാക്കണം.
മാതാപിതാക്കളുടെ പേരുകള്‍ തിരുത്തുന്നത് ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരമാണ്. ഇതിനായി 30 രൂപയുടെ ചെലാനും ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ നല്‍കുന്ന ഒണ്‍ ആന്റ് സെയിം സര്‍ട്ടിഫിക്കറ്റും വെക്കണം. ജനന സ്ഥലം ജനനസര്‍ട്ടിഫിക്കറ്റ് പ്രകാരമാണ് തിരുത്തുന്നത്. ഇതിന് വിവിധ രേഖകളോടൊപ്പം 30 രൂപ ഒടുക്കിയ ചെലാനും വെക്കണം. മേല്‍വിലാസം തിരുത്തുന്നതിനും അപേക്ഷ സമര്‍പ്പിക്കണം.
സര്‍ട്ടിഫിക്കറ്റിലെ ജാതി, ജാതിയുടെ വിഭാഗം, മതം, ലിംഗ വ്യത്യാസം, അപേക്ഷകന്റെ പേര്, പൗരത്വം തുടങ്ങിയവയുടെ അരക്ഷരതെറ്റുകളാണ് അദാലത്തില്‍ തിരുത്തുന്നത്. സര്‍ട്ടിഫിക്കറ്റില്‍ അടയാളങ്ങള്‍ രേഖപ്പെടുത്തിയതിന്റെ അക്ഷരതെറ്റുകളും തിരുത്തുന്നതിന് പരിഗണിക്കും.
ഇവയ്‌ക്കെല്ലാം 30 രൂപയുടെ ചലാന്‍ അടക്കണം. പ്രധാനധ്യാപകന്റെ ശുപാര്‍ശപ്രകാരം ആവശ്യമായ രേഖകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. എസ്.എസ്.എസ്.എല്‍,സി, ടി.ടി.സി തുടങ്ങിയ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിനും അപേക്ഷ നല്‍കാം.
സര്‍ട്ടിഫിക്കറ്റ് കീറുക, മുഷിയുക, പ്രിന്റ് മായുക, ഫോട്ടോ മങ്ങുക, ഫോട്ടോ ഇളകിപ്പോവുക തുടങ്ങിയവയ്ക്കുള്ള അപേക്ഷകളും പ്രധാനധ്യാപകന്‍ മുഖേന സ്വീകരിക്കും. തെറ്റുകള്‍ തിരുത്തുന്നതിന് ഇതുവരെ തിരുവനന്തപുരത്തുള്ള പരീക്ഷഭവനെയാണ് ആശ്രയിച്ചിരുന്നത്.
മാസങ്ങളോളം കാത്തിരിക്കുകയും നിരവധി തവണ തിരുവനന്തപുരത്തേക്ക് യാത്രചെയ്യേണ്ടിയും വന്നിരുന്നു. പരീക്ഷഭവന്റെ അദാലത്ത് ജില്ലയില്‍ നടത്താന്‍ തീരുമാനിച്ചത് ജനങ്ങളില്‍ പ്രതീക്ഷ നല്‍കിയിട്ടുണ്ട്. ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ജനങ്ങള്‍.