Flash News

Latest News: എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂർ മേഖല അടിയന്തരയോഗം 30 നു മുനവ്വിറിൽ**ടി.ആർ.ജെ.എം ശിൽപശാല മാർച്ച് 29 നു ത്രിക്കരിപ്പൂരിൽ* എസ്.കെ.എസ്.ബി.വി. പ്രതിഭാ സംഗമം 30 നു ത്രിക്കരിപ്പൂരിൽ...ഒരു വീട്ടിൽ ഒരു സുപ്രഭാതം കാമ്പയിൻ ഏപ്രിൽ 11 മുതൽ 20 വരെ

Thursday, February 7, 2013

പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം:എസ്.കെ.എസ്.എസ്.എഫ്

കാസറഗോഡ്: പള്ളി ഇമാമുമാരെയും നിരപരാധികളെയും നാട്ടില്‍ നടക്കുന്ന അക്രമസംഭവങ്ങളുടെ കരുവാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ചില പോലീസ് ഉദ്യോഗസ്ഥരുടെ നടപടികള്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

പോലീസിന്റെ ഇത്തരം നടപടികള്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി പ്രശ്‌നം കൂടുതല്‍ വഷളാക്കുമെന്നും അതിന്റെ പൂര്‍ണ ഉത്തരവാദികള്‍ പോലീസ് ഉദ്യോഗസ്ഥരായിരിക്കുമെന്നും അവര്‍ പറഞ്ഞു. ചില സാമൂഹിക ദ്രോഹികളാണ് നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കുന്നത്. എല്ലാ മതവിഭാഗത്തിലും ചെറിയൊരു ശതമാനം അത്തരക്കാരുണ്ട്.

ഒരു മതവും അക്രമവും വര്‍ഗീയതയും പ്രോത്സാഹിപ്പിക്കുന്നില്ല. വെള്ളിയാഴ്ചകളില്‍ ഇമാമുമാര്‍ പള്ളികളില്‍ നടത്തുന്ന പ്രഭാഷണങ്ങളില്‍ നാട്ടില്‍ സമാധാനവും സൗഹൃദാന്തരീക്ഷവും നിലനിര്‍ത്തണമെന്നാണ് ഉദ്‌ബോധിപ്പിക്കുന്നത്. സമാധാനത്തിന്റെ പ്രചാരകരും പൊതുസമൂഹം ആദരിക്കുന്നവരുമായ ഇമാമുമാരെ പോലീസ് പള്ളികളില്‍ നിന്ന് കൊലക്കേസ് പ്രതികളെ പോലെ ഭീഷണിപ്പെടുത്തി ഇറക്കിക്കൊണ്ട് പോയി ചോദ്യം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്.

പട്ടാപ്പകല്‍ പോലും നടക്കുന്ന അക്രമങ്ങളും കത്തിക്കുത്തുകളും തടയാന്‍ പോലും സാധിക്കാത്തത് നിയമപാലകരുടെ വീഴ്ചയും നിരുത്തരവാദപരമായ സമീപനവുമാണ്. അക്രമിക്കപ്പെടുമ്പോള്‍ ആരാധനാലയങ്ങളെ മറയാക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണോ എന്നത് പരിശോധിക്കണം.

നാലാംമൈലില്‍ നടന്ന അക്രമ സംഭവത്തില്‍ കുത്തേറ്റ യുവാവ് പള്ളി കോമ്പൗണ്ടിലേക്ക് ഓടിക്കയറിയപ്പോള്‍ പള്ളിയില്‍ മഗ്‌രിബ് നിസ്‌ക്കാരം നടക്കുകയായിരുന്നു. അതിന് നേതൃത്വം നല്‍കിക്കൊണ്ടിരുന്ന പള്ളി ഖത്വീബിനെയാണ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അഞ്ച് മണിക്കൂറോളം തടങ്കലില്‍ വെച്ച് ചോദ്യം ചെയ്തത്. പോലീസിന്റെ ഈ നടപടി തികഞ്ഞ അന്യായമാണ്. പള്ളി ഇമാമുമാരോടും നിരപരാധികളോടും പോലീസ് ഈ രീതിയില്‍ പെരുമാറിയാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇമാമിനെ തടങ്കലില്‍വെച്ച് അന്യായമായി ചോദ്യംചെയ്ത പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.