റാമല്ല: മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനായി ഫലസ്തീന്‍ മുന്‍ പ്രസിഡണ്ട് യാസര്‍ അറഫാത്തിന്റെ കബറിടം തുറന്ന് പരിശോധിച്ചു. വെസ്റ്റ്ബാങ്കിലെ റാമല്ലയില്‍ സ്ഥിതി ചെയ്യുന്ന ഫലസ്തീന്‍ അതോറിറ്റിയുടെ ഭരണസിരാകേന്ദ്രമായ മുഖാതഅയിലുള്ള ഖബറിടം തിങ്കളാഴ്ച അര്‍ധരാത്രിയാണ് തുറന്നത്.
പത്തുമണിക്കൂര്‍ നീണ്ട പരിശോധനക്ക് ശേഷം പുലര്‍ച്ചെ ശേഷിപ്പുകള്‍ തിരിച്ച് അടക്കുകയും ചെയ്തു. സ്വിറ്റ്‌സര്‍ലന്റ്, ഫ്രാന്‍സ്, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് അന്താരാഷ്ട്ര സംഘം മൃതദേഹത്തില്‍ നിന്നും പരിസരത്തെ മണ്ണില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. അതീവ രഹസ്യമായായിരുന്നു പരിശോധന. പരിശോധനക്ക് ദിവസങ്ങള്‍ മുമ്പു തന്നെ ഖബറിടം പൊതുജനങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും നീല ടാര്‍പോളിന്‍ വിരിച്ച് മറച്ചിരുന്നു. അന്താരാഷ്ട്ര സംഘത്തിന് മുമ്പില്‍ ഫലസ്തീനില്‍ നിന്നുള്ള ഒരു ഡോക്ടര്‍ മാത്രമാണ് മൃതദേഹത്തിലെ ശേഷിപ്പുകള്‍ തൊട്ട് സാമ്പിളുകളെടുത്തത്.
സൈനിക ബഹുമതികളോടു കൂടെ രണ്ടാം ഖബറടക്കം നടത്താനായിരുന്നു ഫലസ്തീന്‍ അധികൃതരുടെ ശ്രമമെങ്കിലും അവസാന നിമിഷം പദ്ധതിയുപേക്ഷിച്ചു. ഖബറില്‍ നിന്ന് മൃതദേഹം പുറത്തെടുക്കാതെയായിരുന്നു സാമ്പിളുകളെടുത്തത് എന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
റേഡിയോ ആക്ടീവ് മൂലകമായ പൊളോണിയം 210 ഉള്ളില്‍ചെന്നാണ് അറഫാത്ത് മരിച്ചത് എന്ന അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മൃതദേഹത്തിലെ സാമ്പിളുകളെടുത്ത് പരിശോധിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ഖത്തര്‍ ആസ്ഥാനമായ വാര്‍ത്താ ചാനല്‍ അല്‍ ജസീറയാണ് മരണത്തിലെ ദുരൂഹത വെളിച്ചത്തു കൊണ്ടുവന്നത്. മരണസമയം അറഫാത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ പൊളോണിയത്തിന്റെ അംശമുണ്ടായിരുന്നു എന്ന് അല്‍ ജസീറ മുന്‍കൈയെടുത്ത് സ്വിറ്റ്‌സര്‍ലന്റിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അറഫാത്തിന്റെ ഭാര്യയാണ് അദ്ദേഹത്തിന്റെ ജംഗമസ്വത്തുക്കള്‍ വാര്‍ത്താ ചാനലിന് കൈമാറിയിരുന്നത്. മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാണിച്ച് 2011 ഓഗസ്റ്റില്‍ ഭാര്യ സുഹ ഫ്രഞ്ച് കോടതിയില്‍ നല്‍കിയ അപേക്ഷ പ്രകാരം അപേക്ഷ പരിഗണിക്കുന്ന ഫ്രഞ്ച് ജഡ്ജിമാരും മൃതദേഹം പുറത്തെടുക്കുന്ന വേളയില്‍ റാമല്ലയിലെത്തിയിരുന്നു.
75-ാം വയസില്‍ 2004 നവംബര്‍ 11നാണ് പാരിസിലെ പെഴ്‌സി സൈനിക ആസ്പത്രിയില്‍ അറഫാത്ത് അന്തരിച്ചത്. മികച്ച ആരോഗ്യവാനായിരുന്ന അറഫാത്തിന്റെ ശരീരം പെട്ടെന്നാണ് ക്ഷീണിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നിരവധി പേര്‍ സംശയിക്കുകയും ചെയ്തിരുന്നു. മരണം കൊലപാതകമാണെന്ന് തെളിയിക്കാന്‍ ഡോക്ടര്‍മാര്‍ക്കായിരുന്നില്ലെങ്കിലും മിക്ക ഫലസ്തീനികളും ഇതു ജൂതരുടെ ചെയ്തിയാണെന്ന് വിശ്വസിച്ചിരുന്നു. പൊളോണിയത്തിന്റെ അവശിഷ്ടം കണ്ടെത്താന്‍ ആഴ്ചകള്‍ നീണ്ട പരിശോധന വേണ്ടിവരുമെന്ന് ഫ്രഞ്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റേഡിയോളജിക്കല്‍ പ്രൊട്ടക്ഷന്‍ ആന്റ് ന്യൂക്ലിയര്‍ സേഫ്റ്റി ഉപമേധാവി ജീന്‍ റെനെ ജോര്‍ഡൈന്‍ പറഞ്ഞു.
